Breaking News

പാലയില്‍ വീണ്ടും ജോസ് കെ മാണിക്ക് തിരിച്ചടി..!! പഞ്ചായത്ത് ഉപ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ജയം..

 


കോട്ടയം: പാലായില്‍ ഇടതുമുന്നണിക്കും ജോസ് കെ മാണിക്കും വീണ്ടും തിരിച്ചടി. കോട്ടയം ജില്ലയിലെ ഏക ഉപതെരെഞ്ഞെടുപ്പായ എലിക്കുളം പഞ്ചായത്ത് 14ാം വാര്‍ഡില്‍ നടന്ന ഉപതെരെഞ്ഞെടുപ്പില്‍ യു ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ജെയിംസ് ചാക്കോ ജീരകത്തില്‍ വിജയിച്ചു. എല്‍ ഡി എഫിലെ ടോമി ഇടയോടിലിനെയാണ് ജെയിംസ് ചാക്കോ ജീരകത്തില്‍ 159 വോട്ടിന് പരാജയപ്പെടുത്തിയത്.


കേരളാ കോണ്‍ഗ്രസ് (എം) യു ഡി എഫ് വിട്ടതിനു ശേഷം നിയമസഭാ തെരെഞ്ഞെടുപ്പില്‍ ജോസ് കെ മാണി പരാജയപ്പെട്ടത് കേരളാ കോണ്‍ഗ്രസ് ജോസ് വിഭാഗത്തിന് കനത്ത നഷ്ടമാണ് ഉണ്ടാക്കിയത്. എലിക്കുളത്ത് വിജയിച്ചാല്‍ പാലായില്‍ തിരിച്ചു വരാമെന്നുള്ള വിശ്വാസത്തിലായിരുന്നു ജോസ് കെ മാണിയും കൂട്ടരും.


ഇതിനായി ടോമി ഇടയോടിയിലിനെ സ്ഥാനാര്‍ത്ഥിയാക്കി ചിട്ടയായ പ്രവര്‍ത്തനങ്ങളാണ് ഈ വാര്‍ഡില്‍ നടത്തിയിരുന്നത്. ജോസ് കെ മാണിയും മന്ത്രിമാരും അടക്കം ഇവിടെ വീടുവീടാന്തരം കയറി ഇറങ്ങി പ്രചാരണം നടത്തിയിരുന്നു. എന്നിട്ടും വിജയിക്കാനാകാത്തത് തിരിച്ചടിയായി.


ജെയിംസ് ജീരകത്തിലിന് 512 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് 353 വോട്ടും ബിജെപിക്ക് 3 വോട്ടും ലഭിച്ചുവിജയിച്ച യു ഡി എഫിന്റെ ജെയിംസ് ചാക്കോ ജീരകത്തിലിന്റെ ജനകീയതയാണ് വിജയത്തിന്റെ പ്രധാന ഘടകം. മുന്‍ അകലക്കുന്നം എം എല്‍ എ ജെ എ ചാക്കോയുടെ പുത്രനെന്ന നിലയിലും മുന്‍ പഞ്ചായത്ത് മെമ്ബറെന്ന നിലയിലും ജനപ്രിയനായിരുന്നു ജെയിംസ് ചാക്കോ ജീരകത്തില്‍. യു ഡി എഫ് വിജയിച്ചെങ്കിലും എലിക്കുളം പഞ്ചായത്തിലെ എല്‍ ഡി എഫ് ഭരണത്തെ ഈ വിജയം തെല്ലും ബാധിക്കില്ല.16 അംഗ പഞ്ചായത്തില്‍ 9 അംഗങ്ങള്‍ എല്‍ ഡി എഫിനെയാണ് പിന്തുണയ്ക്കുന്നത്.

No comments