ഉത്തരാഖണ്ഡിലും കെജ്രിവാൾ..?? ഉത്തരാഖണ്ഡിനെ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കി മാറ്റും..!! നീക്കം കോൺഗ്രസിനെതിരെ..
ആംആദ്മി പാര്‍ട്ടി അധികാരത്തില്‍ വന്നാല്‍ ഉത്തരാഖണ്ഡിനെ "ഹിന്ദുക്കളുടെ അന്താരാഷ്ട്ര ആത്മീയ തലസ്ഥാനം" ആക്കുമെന്ന വാഗ്ദാനവുമായി ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറുമായ അരവിന്ദ് കെജ്രിവാള്‍.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉത്തരാഖണ്ഡിലെത്തിയ കെജ്രിവാള്‍ ഹരിദ്വാറില്‍ മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു.
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനുള്ള സംസ്ഥാനങ്ങളില്‍ ഇതുവരെയില്ലാത്ത രീതിയിലുള്ള വലിയ മാറ്റങ്ങള്‍ കൊണ്ടുവരുമെന്നാണ് പ്രചാരണം തുടങ്ങിയത് മുതല്‍ ആംആദ്മി പാര്‍ട്ടി വാഗ്ദാനം ചെയ്യുന്നത്. പഞ്ചാബിന് നിരവധി വാഗ്ദാനങ്ങള്‍ നല്‍കിയ ശേഷം ഇപ്പോള്‍ ഉത്തരാഖണ്ഡിലേക്ക് ശ്രദ്ധ തിരിക്കുകയാണ് പാര്‍ട്ടി നേതാക്കള്‍.
ഉത്തരാഖണ്ഡിനെ അന്താരാഷ്ട്ര തലത്തില്‍ ഹിന്ദുക്കളുടെ ആത്മീയ തലസ്ഥാനമാക്കുന്നതിലൂടെ ആയിരക്കണക്കിന് യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭിക്കുകയും സംസ്ഥാന ടൂറിസത്തെ വലിയ രീതിയില്‍ ഉത്തേജിപ്പിക്കാന്‍ കഴിയുമെന്നും കെജ്രിവാള്‍ പറഞ്ഞു. രാജ്യത്തെ പ്രധാന മതകേന്ദ്രങ്ങളിലേക്കുള്ള തീര്‍ഥാടകരുടെ യാത്ര സുഗമമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കെജ്‌രിവാള്‍ വാഗ്ദാനം ചെയ്തു. മുഖ്യമന്ത്രി തീര്‍ത്ഥയാത്രാ യോജനയിലൂടെ 40,000 ത്തോളം പേര്‍ക്ക് രാജ്യത്തെ വിവിധ ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഡല്‍ഹിയെ ഉദാഹരിച്ച് കൊണ്ട് അദ്ദേഹം പറഞ്ഞു.
ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിനെ ചരിത്രപരമെന്നും കെജ്രിവാള്‍ വിശേഷിപ്പിച്ചു. ആംആദ്മി പാര്‍ട്ടി അധികാരത്തിലെത്തിയാല്‍ സംസ്ഥാനത്ത് ആദ്യമായി സത്യസന്ധമായ സര്‍ക്കാര്‍ രൂപീകരിക്കുമെന്നും അതിലൂടെ അഴിമതി ഇല്ലാതാക്കുമെന്നും കെജ്രിവാള്‍ പറഞ്ഞു. കൂടാതെ 18 വയസ്സിന് മുകളിലുള്ള എല്ലാ സ്ത്രീകള്‍ക്കും അവരുടെ ആവശ്യങ്ങള്‍ക്കായി ബാങ്ക് അക്കൗണ്ടിലേക്ക് പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു.
ഫെബ്രുവരി 14നാണ് ഉത്തരാഖണ്ഡില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 10ന് വോട്ടെണ്ണല്‍ നടക്കും.
No comments