കളികള്‍ മുഴുവന്‍ കളിച്ചിട്ടും സിദ്ധുവിന്റെ കസേര തെറിച്ചു...!! പഞ്ചാബ് ഉള്‍പ്പെടെയുള്ള അഞ്ച് സംസ്ഥാന അദ്ധ്യക്ഷന്മാരോട് സ്ഥാനം ഒഴിയാന്‍ സോണിയ ഗാന്ധി..
അഞ്ചു സംസ്ഥാനങ്ങളില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയതിന് പിന്നാലെ കടുത്ത നടപടിയുമായി കോണ്‍ഗ്രസ്.
തിരഞ്ഞെടുപ്പ് നടന്ന അഞ്ചു സംസ്ഥാനങ്ങളിലേയും കോണ്‍ഗ്രസ് അധ്യക്ഷന്‍മാരോട് കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ പിസിസി അധ്യക്ഷന്‍മാരോടാണ് സോണിയ ഗാന്ധി രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടി പുനഃസംഘടന സുഗമമാക്കുന്നതിനാണ് രാജി ആവശ്യപ്പെട്ടതെന്ന് കോണ്‍ഗ്രസ് വാക്താവ് രണ്‍ദീപ് സിങ് സുര്‍ജെവാല വ്.ക്തമാക്കി. പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ സിദ്ദുവടക്കമുള്ളവര്‍ക്ക് ഇതോടെ സ്ഥാനം നഷ്ടമാകും.
തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് ഭരണംനിലനിന്നിരുന്ന ഏക സംസ്ഥാനമായ പഞ്ചാബില്‍ നാണംകെട്ട തോല്‍വിയാണ് ഏറ്റുവാങ്ങിയിരുന്നത്. പിസിസി അധ്യക്ഷന്‍ സിദ്ദുവും മുഖ്യമന്ത്രി ആയിരുന്ന ചരണ്‍ജിത് സിങ് ചന്നി അടക്കമുള്ളവര്‍ തോല്‍ക്കുകയുണ്ടായി. തിരഞ്ഞെടുപ്പ് തോല്‍വി വിശകലനം ചെയ്യുന്നതിനായി ഞായറാഴ്ച ചേര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിന്റെ തുടര്‍ച്ചയാണ് സോണിയ ഗാന്ധിയുടെ നീക്കം.
അധ്യക്ഷയായി തുടരുന്നതിനും സംഘടനാപരമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ഉടനടി തീരുമാനങ്ങള്‍ എടുക്കുന്നതിനും കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി സോണിയ ഗാന്ധിയെ ചുമതലപ്പെടുത്തിയിരുന്നു.
No comments