Breaking News

വയനാട്ടില്‍ നിന്ന് പിന്തിരിപ്പിക്കാന്‍ യെച്ചൂരി 12 തവണ രാഹുല്‍ഗാന്ധിയെ കണ്ടെന്ന് റിപ്പോര്‍ട്ട് ! യെച്ചൂരിക്കുവേണ്ടി ശരത് പവാറും രംഗത്ത് ! വയനാടിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും !

 വയനാട്ടില്‍ മത്സരിക്കുന്നതില്‍ നിന്നും എ ഐ സി സി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തിരിപ്പിക്കാന്‍ സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാഹുലിനെ സന്ദര്‍ശിച്ചത് കഴിഞ്ഞ 4 ദിവസങ്ങള്‍ക്കിടെ 12 തവണയെന്ന്‍ സൂചന.
യെച്ചൂരിയ്ക്ക് പിന്നാലെ സി പി എമ്മിനുവേണ്ടി എന്‍ സി പി അധ്യക്ഷന്‍ ശരത് പവാറും രാഹുലുമായി സംസാരിച്ചു.

സി പി എമ്മിനെ സംബന്ധിച്ച്‌ ദേശീയ രാഷ്ട്രീയത്തില്‍ ആ പാര്‍ട്ടിയുടെ നിലനില്‍പ്പിനുള്ള അവസാന കച്ചിത്തുരുമ്ബാണ് കേരളം.
മൂന്നര പതിറ്റാണ്ടുകള്‍ അടക്കിവാണ ബംഗാളിലും ത്രിപുരയിലും നിലം തൊടാവുന്ന അവസ്ഥയിലല്ല. കേരളത്തില്‍ ഈ ലോക്സഭാ തെരഞ്ഞെടുപ്പിലും സ്ഥിതി ദയനീയമാണ്.

സി പി എമ്മിന്റെ ഉറച്ച മണ്ഡലങ്ങളായ കാസര്‍കോട്, ആലത്തൂര്‍, പാലക്കാട്, ആറ്റിങ്ങല്‍ എന്നിവിടങ്ങളില്‍ പോലും സി പി എം സ്ഥാനാര്‍ഥികള്‍ കടുത്ത വെല്ലുവിളി നേരിടുകയാണ്.
ഇതിനിടെ രാഹുല്‍ ഗാന്ധി കൂടി കേരളത്തിലേക്ക് മത്സരത്തിനായി വരുന്നുവെന്ന വാര്‍ത്തകള്‍ സി പി എമ്മിന് താങ്ങാവുന്നതിലും അപ്പുറമാണ്.

രാഹുല്‍ വയനാട്ടില്‍ മത്സരിക്കുന്നതോടെ കേരളത്തില്‍ കോണ്‍ഗ്രസ് തരംഗം ആഞ്ഞുവീശുകയും പാര്‍ട്ടി ശക്തികേന്ദ്രങ്ങളില്‍ പോലും പരാജയം രുചിക്കുകയും ചെയ്യേണ്ടി വരുമെന്ന അവസ്ഥ ഒഴിവാക്കാനാണ് യെച്ചൂരിയുടെ നീക്കം.
ഫലത്തില്‍ തങ്ങള്‍ക്ക് സീറ്റ് നേടാന്‍ സംസ്ഥാനത്തെ പ്രധാന എതിരാളികളായ കോണ്‍ഗ്രസിന്റെ ദേശീയ അധ്യക്ഷന്‍ സഹായിക്കണമെന്ന ആവശ്യമാണ്‌ യെച്ചൂരി രാഹുല്‍ ഗാന്ധിക്ക് മുന്നില്‍ വച്ചിരിക്കുന്നത്.

കേരളത്തില്‍ കോണ്‍ഗ്രസിന്റെ തകര്‍ച്ച ആഗ്രഹിക്കുന്ന ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന ചില മുതിര്‍ന്ന കോണ്‍ഗ്രസ് കേരള നേതാക്കളുടെ പിന്തുണയും യെച്ചൂരിക്കുണ്ട്.
അതേസമയം കേരളത്തില്‍ സി പി എമ്മിനെ സഹായിക്കുന്ന നിലപാട് രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്ന കര്‍ശന നിലപാടിലാണ് കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍.

ഇന്ന് തന്നെ വയനാടിന്റെ കാര്യത്തില്‍ രാഹുല്‍ പ്രഖ്യാപനം നടത്തണമെന്നാണ് ഉമ്മന്‍ചാണ്ടിയും രമേശ്‌ ചെന്നിത്തലയും മുല്ലപ്പള്ളി രാമചന്ദ്രനും അടക്കമുള്ളവരുടെ നിലപാട്. രാഹുല്‍ ഗാന്ധിയും അതിനോട് അനുഭാവപൂര്‍വ്വമായ സമീപനം തന്നെയാണ് കൈക്കൊള്ളുന്നതെന്നും പറയുന്നു.

No comments