Breaking News

യെഡ്ഡി ആഘോഷിക്കേണ്ട, സര്‍ക്കാര്‍ 6 മാസം തികയ്ക്കില്ല, മുന്നറിയിപ്പുമായി ഡികെ ശിവകുമാർ.. ഇടക്കാല തെരഞ്ഞെടുപ്പി നൊരുങ്ങാന്‍ എം.എല്‍.എ മാരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്..

പതിനാല് മാസം നീണ്ട് നിന്ന സഖ്യസര്‍ക്കാര്‍ വിശ്വാസ വോട്ട് നേടാനാവാതെ താഴെ വീണതിന് പിന്നാലെ ഇടക്കാല തെരഞ്ഞെടുപ്പിനൊരുങ്ങാന്‍ എം.എല്‍.എമാരോട് ആവശ്യപ്പെട്ട് കോണ്‍ഗ്രസ്.
തങ്ങളുടെ മണ്ഡലത്തില്‍ വളരെ പെട്ടെന്ന് തന്നെ സജീവമാവാനാണ് എം.എല്‍എമാരോട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാക്കള്‍ ആവശ്യപ്പെട്ടത്.

കോണ്‍ഗ്രസ് നിയമസഭ കക്ഷി നേതാവ് സിദ്ധരാമയ്യ, കെ.പി.സി.സി അദ്ധ്യക്ഷന്‍ ദിനേഷ് ഗുണ്ടു റാവു, കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ഈശ്വര്‍ കാന്ദ്രെ, മുന്‍ ഉപമുഖ്യമന്ത്രി ഡോ. ജി പമേശ്വര എന്നിവര്‍ വിശ്വാസ വോട്ടെടുപ്പിന് പിന്നാലെ ഇന്നലെ ചേര്‍ന്ന യോഗത്തിലാണ് എം.എല്‍.എമാരോട് വോട്ടിനൊരുങ്ങാന്‍ ആവശ്യപ്പെടാന്‍ തീരുമാനിച്ചത്.

വോട്ടര്‍മാരുമായി പെട്ടെന്ന് തന്നെ ബന്ധപ്പെടുക, കര്‍ഷകര്‍ക്ക് അടിയന്തിരമായി സഹായം നല്‍കുക, മണ്ഡലങ്ങളിലെ വികസപദ്ധതികള്‍ പെട്ടെന്ന് പൂര്‍ത്തീകരിക്കുക എന്നതാണ് എം.എല്‍.എമാരോട് നേതാക്കള്‍ നിര്‍ദേശിച്ചത്.

വിമത എം.എല്‍.എമാരും ബി.ജെ.പിയും ചേര്‍ന്നുള്ള സര്‍ക്കാരിന് അധികം ആയുസ് ഉണ്ടാവില്ലെന്ന് യോഗം വിലയിരുത്തി.
ഇതിനെ മുന്‍നിര്‍ത്തിയാണ് എം.എല്‍.എമാരോടുള്ള പെട്ടെന്നുള്ള നിര്‍ദേശം. ജനതാദളിന്റെ ശക്തികേന്ദ്രമെന്നറിയപ്പെടുന്ന പഴയ മൈസൂര്‍ മേഖലയില്‍ പ്രാദേശിക സംഘടന പ്രവര്‍ത്തനം ശക്തമാക്കാനും യോഗം തീരുമാനിച്ചു.

കഴിഞ്ഞ മേയില്‍ 48 മണിക്കൂര്‍ മുഖ്യമന്ത്രി കസേരയില്‍ ഇരുന്നെങ്കിലും നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വന്നതോടെ രാജിവയ്‌ക്കേണ്ടി വന്ന യെദ്യൂരപ്പയുടെ മധുരപ്രതികാരം കൂടിയായിരിക്കും  ഇൗ സര്ക്കാര്.

വിമത കോണ്‍ഗ്രസ് എം. എല്‍.എമാരായ രമേശ് ജാര്‍ക്കിഹോളി, മഹേഷ് കുമന്തല്ലി,​ സ്വതന്ത്രന്‍ ആര്‍.ശങ്കര്‍ എന്നിവര്‍ക്ക് സ്‌പീക്കര്‍ രമേശ് കുമാര്‍അയോഗ്യത കല്‍പ്പിച്ചതിന് പിന്നാലെയാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി തീരുമാനിച്ചത്.
15 വിമത എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കര്‍ തീരുമാനമെടുക്കാത്തതിനാലാണ് സര്‍ക്കാരുണ്ടാക്കാന്‍ ബി. ജെ. പി അവകാശവാദം ഉന്നയിക്കാത്തതെന്നാണ്  പാര്‍ട്ടി വൃത്തങ്ങള്‍ വിശദീകരിച്ചിരുന്നത്.
വിമതരെ അയോഗ്യരാക്കുന്ന നടപടികളില്‍ തീര്‍പ്പാകുന്നത് വരെ നിയമസഭ സസ്പെന്‍ഡ് ചെയ്‌തു നിര്‍ത്തി രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്താനും, കൂടുതല്‍ അംഗബലം നേടിയശേഷം സര്‍ക്കാര്‍ രൂപീകരിക്കാനുമാണ് ബി.ജെ.പിയുടെ നീക്കങ്ങളെന്നായിരുന്നു വിശദീകരണം.
വിമതരുടെ രാജി സ്വീകരിക്കാനായാലും തള്ളാനായാലും സ്‌പീക്കര്‍ കൂടുതല്‍ സമയം എടുക്കുകയാണെങ്കില്‍ തങ്ങള്‍ സര്‍ക്കാരുണ്ടാക്കാന്‍ ശ്രമിക്കില്ലെന്നും ഗവര്‍ണര്‍ വാജുഭായ് വാല രാഷ്ട്രപതിഭരണത്തിന് ശുപാര്‍ശ ചെയ്തേക്കാമെന്നും  ബി.ജെ.പി നേതാക്കള്‍ സൂചന നല്‍കിയിരുന്നു.
അപ്രതീക്ഷിതമായി ഗവര്‍ണറെ കണ്ട് സര്‍ക്കാരുണ്ടാക്കാന്‍ ബി.ജെ.പി അവകാശവാദം ഉന്നയിക്കുകയായിരുന്നു.

അതേസമയം, രാജിസമര്‍പ്പിച്ച വിമതരെ തിരിച്ചുകൊണ്ടുവന്ന് കര്‍ണാടകയില്‍ വീണ്ടും അത്ഭുതങ്ങള്‍ സൃഷ്‌ടിക്കാന്‍ കോണ്‍ഗ്രസ് അണിയറയില്‍ കരുനീക്കങ്ങള്‍ നടത്തുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
ഇതിന്റെ അടിസ്ഥാനത്തിലാണ് രാജിസമര്‍പ്പിച്ച മൂന്ന് എം.എല്‍.എമാരെ മാത്രം സ്പീക്കര്‍ അയോഗ്യരാക്കിയത്. വിശ്വാസ വോട്ടില്‍ പങ്കെടുക്കാതെ മുംബയ് ആശുപത്രിയില്‍ കഴിയുന്ന പാര്‍ട്ടി എം.എല്‍.എ ശ്രീമന്ത് പാട്ടീലിനെയും അയോഗ്യനാക്കാന്‍ ആവശ്യപ്പെട്ട് കോണ്‍ഗ്രസ് കത്തു നല്‍കിയിട്ടുണ്ട്.
നാല് പേര്‍ക്കെതിരെ നടപടിയെടുത്താല്‍ ബാക്കിയുള്ളവര്‍ തിരിച്ചുവന്നേക്കുമെന്നാണ് കോണ്‍ഗ്രസും ദളും കരുതുന്നത്.

No comments