Breaking News

'ആര് തുള്ളിയിട്ടും കാര്യമില്ല, യുഡിഎഫ് ഭരണത്തിലെത്തിയാല്‍ യൂണിവേഴ്സിറ്റി കോളേജ് അവിടെ നിന്നു മാറ്റും'; കെ മുരളീധരന്‍

യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ യൂണിവേഴ്‌സിറ്റി കോളേജ് ഇപ്പോള്‍ ഉള്ള സ്ഥലത്തുനിന്ന് മാറ്റുമെന്ന് ആവര്‍ത്തിച്ച്‌ വടകര എംപി കെ.മുരളീധരന്‍.
യൂണിവേഴ്‌സിറ്റി കോളേജ് മാറ്റാമെന്ന ചിലരുടെ ആഗ്രഹം നടക്കാന്‍ പോകുന്നില്ല എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് മറുപടിയുമായി കെ.മുരളീധരന്‍ എത്തിയത്.

യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്ന് മാറ്റുക തന്നെ ചെയ്യും. കോളേജ് നില്‍ക്കുന്ന സ്ഥലം വല്ല പൊതുസ്ഥലവും ആക്കണം.
അല്ലെങ്കില്‍ ചരിത്ര മ്യൂസിയം ആക്കും. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ അത് നടപ്പിലാക്കും. കോളേജ് അവിടെ ഉള്ളിടത്തോളം കാലം വിദ്യാര്‍ഥികള്‍ക്ക് മാനം മര്യാദയായി പഠിക്കാന്‍ സാധിക്കില്ല.

എസ്‌എഫ്‌ഐ അവിടെ ഉള്ളിടത്തോളം കുട്ടികള്‍ക്ക് പഠിക്കാന്‍ പറ്റില്ല. അതുകൊണ്ട് കോളേജ് അവിടെ നിന്ന് മാറ്റുക തന്നെ ചെയ്യും.
1995 ല്‍ കെ.കരുണാകരന്‍ സര്‍ക്കാരിന്റെ കാലത്ത് എടുത്ത തീരുമാനം അതേപടി നടപ്പിലാക്കുമെന്നും കെ.മുരളീധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.

നേരത്തെയും യൂണിവേഴ്‌സിറ്റി കോളേജ് അവിടെ നിന്ന് മാറ്റണം എന്ന് മുരളീധരന്‍ പറഞ്ഞിരുന്നു. കോളേജ് അവിടെ നിന്ന് മാറ്റി മറ്റെവിടെയെങ്കിലും സ്ഥാപിക്കണമെന്നായിരുന്നു മുരളീധരന്‍ പറഞ്ഞത്.
എന്നാല്‍, ഇതിനെ എതിര്‍ത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെ പരസ്യമായി പ്രതികരിച്ചു. കോളേജ് അവിടെ നിന്ന് മാറ്റണമെന്ന് ചില തല്‍പരകക്ഷികള്‍ ആലോചിക്കുന്നുണ്ട്. അതൊന്നും നടക്കാന്‍ പോകുന്നില്ല.
കോളേജ് അവിടെ തന്നെ തുടരും. മുന്‍പും ചിലര്‍ കോളേജ് മാറ്റാനുള്ള നീക്കങ്ങള്‍ നടത്തിയിട്ടുണ്ട്. എന്നിട്ട് അതൊക്കെ ഇപ്പോ എന്തായി. അതുകൊണ്ട് കോളേജ് മാറ്റാം എന്ന് ആരും വ്യാമോഹിക്കേണ്ട. കേരളത്തിന് അഭിമാനമായ കോളേജ് ഇപ്പോള്‍ ഉള്ളതുപോലെ അവിടെ തന്നെ തുടരുമെന്നും പിണറായി വിജയന്‍ പറഞ്ഞിരുന്നു.

No comments