Breaking News

കെ സുധാകരന്‍ ഡല്‍ഹിയിലെത്തിയതോടെ മാനദണ്ഡങ്ങളും മാറി മറിഞ്ഞു..!! തെരഞ്ഞെടുപ്പില്‍ മത്സരിച്ച്‌ തോറ്റവരെയും ഡിസിസി പ്രസിഡന്റുമാരാക്കും.. ശബരീനാഥന്‍, ബല്‍റാം അടക്കം 5 പേരുകൾ..

 


ഡല്‍ഹി : ഡിസിസി അധ്യക്ഷന്‍മാരെ തെരഞ്ഞെടുക്കാനുള്ള ചര്‍ച്ചകള്‍ക്കായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഡല്‍ഹിയില്‍ എത്തിയതിനു പിന്നാലെ മാനദണ്ഡങ്ങളില്‍ ചില മാറ്റങ്ങള്‍. കഴിഞ്ഞ തവണ നിയമസഭയിലേക്ക് മത്സരിച്ച്‌ തോറ്റവരെയും പരിഗണിക്കണമെന്നാണ് പുതിയ തീരുമാനം. പ്രായപരിധി ഒരു ഭാരവാഹിത്വത്തിനും തടസമാകില്ലെന്നും നേതാക്കള്‍ ഉറപ്പാക്കിയിട്ടുണ്ട്.


കേരളത്തില്‍ നടന്ന ചര്‍ച്ചകളില്‍ കഴിഞ്ഞ തവണ മത്സരിച്ച്‌ തോറ്റവരെ ഇത്തവണ ഡിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്ന തീരുമാനമായിരുന്നു ഉണ്ടായത്. പല ജില്ലകളിലും ഇതോടെ ചില നേതാക്കള്‍ പട്ടികയ്ക്ക് പുറത്തായിരുന്നു. എന്നാല്‍ ഈ തീരുമാനം ഗുണകരമല്ലെന്നാണ് നേതൃത്വത്തിന്റെ നിലപാട്.


ഇങ്ങനെ വന്നാല്‍ തിരുവനന്തപുരം, കോട്ടയം, പാലക്കാട്, കോഴിക്കോട് ജില്ലകളിലെ പട്ടികകളില്‍ കാതലായ മാറ്റം വരും. തിരുവനന്തപുരത്ത് കെഎസ് ശബരിനാഥന്‍, കോട്ടയത്ത് ടോമി കല്ലാനി, പാലക്കാട് വിടി ബല്‍റാം, കോഴിക്കോട് കെ പ്രവീണ്‍കുമാര്‍ എന്നിവര്‍ക്ക് മുന്‍തൂക്കമുണ്ടാകും. ഇവരുടെ പേരും പട്ടികയില്‍ ഉള്‍പ്പെടും.


ഇന്നലെ ഡല്‍ഹിയില്‍ കെ സുധാകരന്റെ വസതിയില്‍ കേരളത്തിലെ പിസിസി നേതൃത്വം പ്രത്യേക യോഗം ചേര്‍ന്നിരുന്നു. ഇന്ന് ഒരു പ്രാഥമിക പട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് കൈമാറാനാണ് തീരുമാനം. ഇതിനു ശേഷം ഇന്നു തന്നെ കെ സുധാകരന്‍ കേരളത്തിലേക്ക് മടങ്ങും.


നാളെ സ്വാതന്ത്ര്യദിനാഘോഷ പരിപാടികള്‍ കെപിസിസിയില്‍ സംഘടിപ്പിച്ചിട്ടുണ്ട്. ഇതില്‍ പങ്കെടുക്കേണ്ടതുകൊണ്ടാണ് കെ സുധാകരന്‍ ഇന്നു തന്നെ മടങ്ങുന്നത്. നാളെ കെപിസിസി ആസ്ഥാനത്ത് കൂടുതല്‍ ചര്‍ച്ചകളുംനടന്നേക്കും.


നേരത്തെ കഴിഞ്ഞ ദിവസം എംപിമാരുമായും എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലുമായും കെ സുധാകരന്‍ ചര്‍ച്ച നടത്തിയിരുന്നു. എംപിമാരെയും എംഎല്‍എമാരെയും ഡിസിസി-കെപിസിസി ഭാരവാഹി സ്ഥാനത്തേക്ക് പരിഗണിക്കേണ്ടെന്നു ധാരണയായിട്ടുണ്ട്.

No comments