കണ്ണൂര്‍ പഴയങ്ങാടി പിലാത്തറ പയ്യന്നൂര്‍ റൂട്ടിൽ നിർത്തലാക്കിയ കെ.എസ്.ആര്‍.ടി സി സര്‍വ്വീസുകൾ പുനരാരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആൻ്റണി രാജു
കണ്ണൂര്‍ - പഴയങ്ങാടി - പിലാത്തറ - പയ്യന്നൂര്‍ റൂട്ടിൽ നിർത്തലാക്കിയ മുഴുവൻ കെ. എസ്. ആര്‍. ടി. സി ബസ് സര്‍വ്വീസുകൾ പുനരാരംഭിക്കണമെന്നാവശ്യപ്പെട്ട് എം വിജിൻ എംഎൽഎ ഗതാഗത വകുപ്പ് മന്ത്രി ആൻ്റണി രാജുവിന് നിവേദനം നൽകി. പ്രസ്തുത സർവ്വീസുകൾ അടിയന്തിരമായി പുനഃരാരംഭിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
കെ.എസ്.ആർ.ടി.സി ചെയിന്‍ സര്‍വ്വീസ് നിലച്ചിട്ട് ഏറെ നാളുകളായി. പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്ന് 4ഉം, കണ്ണൂരില്‍ നിന്ന് 6ഉം ബസുകള്‍ ഉള്‍പ്പടെ 10 ബസുകളാണ് സര്‍വ്വീസ് നടത്തിവന്നത്. എന്നാല്‍ ജീവനക്കാരുടെ കുറവും, ബസ് സര്‍വ്വീസ് നഷ്ട്ടത്തിലാണെന്നും പറഞ്ഞ് ഘട്ടം ഘട്ടമായി പ്രസ്തുത സര്‍വ്വീസുകള്‍ കൊവിഡ് ആരംഭിക്കുന്നതിന് മുന്‍പ് തന്നെ നിര്‍ത്തലാക്കിയിരുന്നു.
നിലവില്‍ പയ്യന്നൂര്‍, കണ്ണൂര്‍ ഡിപ്പോകളില്‍ നിന്നും ഒരു ബസ് മാത്രമാണ് സര്‍വ്വീസ് നടത്തി വരുന്നത്.
തിരുവന്തപുരത്തു നിന്നും രാത്രി 11 മണിക്ക് കണ്ണൂരില്‍ എത്തിചേരുന്ന എക്സിക്യൂട്ടീവ്, ജനശദാബ്ദി ട്രെയിന്‍ യാത്രക്കാര്‍ക്കായി ആരംഭിച്ച കണ്ണൂര്‍-പഴയങ്ങാടി- പയ്യന്നൂര്‍-കാഞ്ഞങ്ങാട് സര്‍വ്വീസ്, പയ്യന്നൂര്‍ ഡിപ്പോയില്‍ നിന്നും രാവിലെ 5 മണിക്ക് ആരംഭിച്ച് പഴയങ്ങാടി വഴി കണ്ണൂര്‍ റയില്‍വെ സ്റ്റേഷനില്‍ രാവിലെ 6 മണിക്ക് എത്തി ചേരുന്ന സര്‍വ്വീസ് എന്നിവയും നിര്‍ത്തിയിട്ട് മാസങ്ങളായി.
മാടായിക്കാവ് - കാസര്‍ക്കോട് സര്‍വ്വീസ്, പഴയങ്ങാടി റയില്‍വെ സ്റ്റേഷനില്‍ നിന്നും രാവിലെ മാവേലി എക്സ്പ്രസ് ട്രെയിനില്‍ എത്തി ചേരുന്നവര്‍ക്കു വേണ്ടി ആരംഭിച്ച സര്‍വ്വീസ്, കൂടാതെ നിരവധിയായ ഗ്രാമീണ സര്‍വ്വീസുകള്‍ ഉള്‍പ്പടെ നിര്‍ത്തലാക്കിയിരിക്കുകയാണ്. ഈ സർവ്വീസുകളെ ആശ്രയിക്കുന്ന നിരവധിയായ യാത്രക്കാര്‍ ഏറെ പ്രയാസപ്പെടുകയാണ്.

No comments